കായികം
ഇന്ത്യയുടെ ഔദ്യോഗിക കായിക ഇനം ഹോക്കിയാണ്. ഇന്ത്യൻ ഹോക്കി ഫെഡറേഷനാണ് ഇന്ത്യയിലെ ഹോക്കി നിയന്ത്രിക്കുന്നത്. ഇന്ത്യൻ ഹോക്കി ടീം 1975-ലെ പുരുഷന്മാരുടെ ഹോക്കി ലോകകപ്പു ജേതാക്കളായിട്ടുണ്ട്. അതു പോലെ ഒളിമ്പിക്സിൽ 8 സ്വർണ്ണമെഡലുകളും ഒരു വെള്ളിയും 2 വെങ്കലമെഡലുകളും ഹോക്കിയിലൂടെ ഇന്ത്യ കരസ്ഥമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യയിലെ ജനപ്രിയ കായിക ഇനം ക്രിക്കറ്റാണ്. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം 1983-ലെയും 2011-ലെയും ക്രിക്കറ്റ് ലോകകപ്പും, 2007-ലെ ഐ.സി.സി. വേൾഡ് ട്വന്റി 20-യും നേടിയിട്ടുണ്ട്. അതു പോലെ 2002-ലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി ശ്രീലങ്കയുമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ബിസിസിഐ ആണ് ഇന്ത്യയിലെ ക്രിക്കറ്റ് കാര്യങ്ങൾ നോക്കി നടത്തുന്നത്. ബി.സി.സി.ഐ. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ദിയോദർ ട്രോഫി,ഇറാനി ട്രോഫി,ചാലഞ്ചർ സീരീസ് തുടങ്ങിയ ദേശീയ ക്രിക്കറ്റ് കായിക മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇതു കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗ്, ഇന്ത്യൻ ക്രിക്കറ്റ് ലീഗ് എന്നീ ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളും സംഘടിപ്പിക്കപ്പെടാറുണ്ട്.ഇന്ത്യൻ ഡേവിസ കപ്പ് ടീം നേടിയ വിജയങ്ങൾക്കു ശേഷം ഇന്ത്യയിൽ ടെന്നീസിനും പ്രചാരം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഫുട്ബോൾ ഇന്ത്യയിലെ തെക്കു കിഴക്കൻ സംസ്ഥാനങ്ങൾ, പശ്ചിമ ബംഗാൾ, ഗോവ, കേരളം എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള ഒരു കായിക ഇനമാണ്.[65] ഇന്ത്യയുടെ ദേശീയ ഫുട്‌ബോൾ ടീം സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പ് നിരവധി തവണ നേടിയിട്ടുണ്ട്. ചെസ്സ് എന്ന കായിക വിനോദം പിറവിയെടുത്തത് ഇന്ത്യയിലാണ്. നിരവധി ഗ്രാൻഡ് മാസ്റ്റർമാർ ഇന്ത്യയിൽ നിന്നു ഉണ്ടായതിനെത്തുടർന്ന് ഇന്ത്യയിൽ ചെസ്സും പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട്.[66] ഇന്ത്യയുടെ തനതായ കായിക ഇനങ്ങളായ കബഡി, ഖൊ ഖൊ തുടങ്ങിയ ഇനങ്ങൾ രാജ്യത്തെങ്ങും കളിക്കാറുണ്ട്.പ്രാചീന കായിക ഇനങ്ങളായ കളരിപ്പയറ്റ്, വർമ്മ കലൈ തുടങ്ങിയ ഇനങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്.
അർജുന അവാർഡ്, രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം എന്നിവയാണ് ഇന്ത്യയിലെ കായികരംഗത്തു നൽകുന്ന പ്രധാന ബഹുമതികൾ. കായികരംഗത്തു പരിശീലനം നൽകുന്നവർക്കു നൽകുന്ന പ്രധാന ബഹുമതി ദ്രോണാചാര്യ പുരസ്കാരവുമാണ്.1951, 1982 എന്നീ വർഷങ്ങളിലെ ഏഷ്യാഡുകൾക്കും, 1987, 1996 എന്നീ വർഷങ്ങളിലെ ക്രിക്കറ്റ് ലോകകപ്പുകൾക്കും ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.2010-ലെ കോമൺവെൽത്ത് ഗെയിംസ്, 2011-ലെ ക്രിക്കറ്റ് ലോകകപ്പ് എന്നീ മത്സരങ്ങൾക്ക് ഇന്ത്യ വേദിയാകുന്നുണ്ട്.
No comments:
Post a Comment